അഗ്നി കുറിപ്പ് (#9892)

*(ബഹാഉള്ളയാല്‍ വെളിപ്പെടുത്തപ്പെട്ട ഈ കുറിപ്പിന് "ഖദ്-ഇഹ്തരാക്കല്‍-മുഖ്ലിസുന്‍" എന്ന് നാമകരണം ചെയ്തിരിക്കുന്നു.)
അതിമഹത്തും അതിപൗരാണികവുമായ ദൈവത്തിന്‍റെ നാമത്തില്‍. തീര്‍ച്ചയായും ആത്മാര്‍ത്ഥതയുള്ളവരുടെ ഹൃദയങ്ങള്‍ വേര്‍പാടിന്‍റെ അഗ്നിയില്‍ ഉരുകുന്നു.
അല്ലയോ ലോകങ്ങള്‍ക്കു പ്രിയങ്കരനായവനേ, അവിടുത്തെ വദനപ്രകാശത്തിന്‍റെ സ്ഫുരണം എവിടെയാണ്?
അങ്ങയുടെ സാമിപ്യം നേടിയവര്‍ നിരാശ്രയത്വത്തിന്‍റെ ഇരുട്ടില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, അവിടുത്തെ പുനരൈക്യമാകുന്ന ഉദയത്തിന്‍റെ തിളക്കം എവിടെയാണ്?
അവിടുത്തെ തെരഞ്ഞെടുക്കപ്പെട്ടവരുടെ ശരീരങ്ങള്‍ അകലെയുള്ള സമുദ്രതീരത്ത് വിറപൂണ്ടുകിടക്കുന്നു. അല്ലയോ ലോകങ്ങളുടെ വിമോചകനേ, അവിടുത്തെ സാന്നിദ്ധ്യമാകുന്ന സമുദ്രം എവിടെയാണ്?
അവിടുത്തെ കൃപയുടേയും ഔദാര്യത്തിന്‍റെയും സ്വര്‍ഗ്ഗത്തിനു നേര്‍ക്ക് കൊതിപൂണ്ട കരങ്ങള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു; 
അല്ലയോ ലോകങ്ങള്‍ക്ക് ഉത്തരം നല്‍കുന്നണ്‍വനേ, അവിടുന്നു ചൊരിയുന്ന മഴ എവിടെയാണ്?
അവിശ്വാസികള്‍ ഓരോ പ്രദേശത്തും നിഷ്ഠൂരത ഉയര്‍ത്തിയിരിക്കുന്നു:
അല്ലയോ ലോകങ്ങളെ കീഴടക്കിയവനേ, അവിടുത്തെ ആജ്ഞയാകുന്ന തൂലികയുടെ ശ്രദ്ധപിടിച്ചുപറ്റുന്ന ശക്തിയെവിടെ? 
എല്ലാഭാഗത്തു നിന്നും നായ്ക്കളുടെ ഉച്ചത്തിലുള്ള കുരകേള്‍ക്കുന്നു: 
അല്ലയോ ലോകങ്ങളെ ശിക്ഷിക്കുന്നവനേ, അവിടുത്തെ പ്രബലതയാകുന്ന വനത്തിലെ സിംഹം എവിടെയാണ്? 
സര്‍വ്വമനുഷ്യരാശിയേയും നിരുേډഷത മുറുക്കിപ്പിടിച്ചിരിക്കുന്നു. 
അല്ലയോ ലോകത്തിന്‍റെ അഗ്നിയായവനേ, അവിടുത്തെ സ്നേഹത്തിന്‍റെ ചൂട് എവിടെയാണ്?
അത്യാപത്തുകള്‍ അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു. ലോകങ്ങളുടെ മോചനമായവനേ; അവിടുത്തെ തുണയുടെ അടയാളങ്ങള്‍ എവിടെയാണ്?
മിക്ക ആളുകളേയും അന്ധകാരം ആവരണം ചെയ്തിരിക്കുന്നു: അല്ലയോ ലോകങ്ങളുടെ തിളക്കമായവനേ, അവിടുത്തെ തേജസ്സിന്‍റെ ശോഭ എവിടെയാണ്? 
മനുഷ്യരുടെ ഗളങ്ങള്‍ ദ്രോഹചിന്തകളാല്‍ വലിച്ചു മുറുക്കപ്പെട്ടിരിക്കുന്നു:
 അല്ലയോ ലോകങ്ങളെ നശിപ്പിക്കുന്നവനേ, അവിടുത്തെ പ്രതികാരത്തിന്‍റെ ഖഡ്ഗങ്ങള്‍ എവിടെയാണ്?
അപമാനപ്പെടുത്തല്‍ അതിന്‍റെ ഏറ്റവും ആഴത്തിലെത്തിയിരിക്കുന്നു. 
അല്ലയോ ലോകങ്ങളുടെ തേജസ്സായവനേ, അവിടുത്തെ തേജസ്സിന്‍റെ ചിഹ്നങ്ങള്‍ എവിടെയാണ്?
അവിടുത്തെ നാമത്തിന്‍റെ വെളിപ്പെടുത്തലുകാരന്‍ ദുഃഖങ്ങളാല്‍ പീഢിപ്പിക്കപ്പെടുന്നു.
ലോകങ്ങളുടെ പരമാനന്ദമായവനേ, അവിടുത്തെ വെളിപാടാകുന്ന പകലുറവയുടെ സന്തോഷം എവിടെയാണ്?
ഭൂമിയിലെ എല്ലാ ജനങ്ങളുടെമേലും തീവ്രമായ വേദന പതിച്ചിരിക്കുന്നു.
അല്ലയോ ലോകങ്ങളുടെ സന്തോഷമായവനേ, അവിടുത്തെ സന്തോഷത്തിന്‍റെ പതാകകള്‍ എവിടെയാണ്?
തിډനിറഞ്ഞ സൂചനകളാല്‍ മറയ്ക്കപ്പെട്ട അവിടുത്തെ അടയാളങ്ങളുടെ ഉദയസ്ഥനം അങ്ങുകാണുന്നുണ്ട്.
അല്ലയോ ലോകങ്ങളുടെ ശക്തിയായവനേ, അവിടുത്തെ പ്രബലതയുടെ വിരലുകള്‍ എവിടെയാണ്?
സകലമനുഷ്യരേയും കടുത്ത ദാഹം കീഴടക്കിയിരിക്കുന്നു.
അല്ലയോ ലോകങ്ങളുടെ കാരുണ്യമായവനേ, അവിടുത്തെ ഔദാര്യമാകുന്ന നദി എവിടെയാണ്?
സകലമനുഷ്യരാശിയേയും അത്യാര്‍ത്തി അടിമപ്പെടുത്തിയിരിക്കുന്നു.
അല്ലയോ ലോകങ്ങളുടെ പ്രഭുവേ, നിസ്സംഗതയുടെ പ്രകടഭാവങ്ങള്‍ എവിടെയാണ്?
നാടുകടത്തപ്പെട്ട് ഏകനായി ഈ തെറ്റിദ്ധരിക്കപ്പെട്ടവനെ അങ്ങു കാണുന്നുണ്ട്.
അല്ലയോ ലോകങ്ങള്‍ക്കു പരമാധികാരിയായവനേ, അവിടുത്തെ ആജ്ഞയാകുന്ന സ്വര്‍ഗ്ഗത്തിലെ ആതിഥേയര്‍ എവിടെയാണ്?
ഞാനൊരു അന്യരാജ്യത്തില്‍ ഉപേക്ഷിക്കപ്പെട്ടവനാണ്.
അല്ലയോ ലോകങ്ങള്‍ക്കു വിശ്വസ്തനായവനേ, അവിടുത്തെ വിശ്വസ്തതയുടെ പതാകകള്‍ എവിടെയാണ്?
മരണത്തിന്‍റെ പീഢകള്‍ സകലമനുഷ്യരിലും പിടിമുറുക്കിയിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ജീവനായവനേ, അനശ്വര ജീവിതമാകുന്ന അവിടുത്തെ സമുദ്രത്തിന്‍റെ തിരമാലകള്‍ എവിടെയാണ്? 
ചെകുത്താന്‍റെ മന്ത്രണങ്ങള്‍ എല്ലാ സൃഷ്ടികളിലേക്കും ഉച്ഛ്വസിക്കപ്പെട്ടിട്ടുണ്ട്.
അല്ലയോ ലോകങ്ങള്‍ക്കു വെളിച്ചമായവനേ, അവിടുത്തെ അഗ്നിയുടെ കൊള്ളിമീന്‍ എവിടെണ്‍യാണ്?
അത്യാസക്തിയുടെ ലഹരിയില്‍ മനുഷ്യരാശിയുടെ ഏറിയഭാഗവും വഴിതെറ്റിയിരിക്കുന്നു. 
അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, വിശുദ്ധിയുടെ പകലുറവകള്‍ എവിടെയാണ്?
സിറിയക്കാരുടെ ഇടയില്‍ നിഷ്ടൂരതയില്‍ മൂടി ഈ അപരാധിയെ അങ്ങു കാണുന്നുണ്ട്.
അല്ലയോ ലോകങ്ങളുടെ വെളിച്ചമായവനേ, അവിടുത്തെ പ്രഭാത വെളിച്ചത്തിന്‍റെ തിളക്കം എവിടെയാണ്? 
ഭാഷണങ്ങളില്‍നിന്നും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നത് അവിടുന്നു കാണുന്നുണ്ട്. 
അല്ലയോ ലോകങ്ങളുടെ വാനമ്പാടി ആയവനേ, പിന്നെ എവിടെ നിന്നാണ് അവിടുത്തെ മധുര സംഗീതം ഉറവപൊട്ടേണ്ടത്?
മിക്ക ആളുകളും വിചിത്രഭാവനകളിലും 
വൃഥാ സങ്കല്‍പങ്ങളിലും വലയം ചെയ്യപ്പെട്ടിരിക്കയാണ്.
അല്ലയോ ലോകങ്ങളുടെ വാഗ്ദാനമായവനേ, അവിടുത്തെ ദൃഢതയുടെ പ്രയോക്താവ് എവിടെയാണ്?
ദുരിതങ്ങളുടെ കടലില്‍ ബഹാ മുങ്ങിക്കൊണ്ടിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ രക്ഷകനായവനേ, അവിടുത്തെ മോചനത്തിന്‍റെ തോണി എവിടെയാണ്?
സൃഷ്ടിയുടെ അന്ധകാരത്തില്‍ അവിടുത്തെ ഭാഷണത്തിന്‍റെ പകലുറവ അങ്ങു കാണുന്നുണ്ട്.
അല്ലയോ ലോകങ്ങള്‍ക്കുവെളിച്ചദായകനേ, അവിടുത്തെ കൃപയുടെ സ്വര്‍ഗ്ഗീയ സൂര്യന്‍ എവിടെയാണ്?
സത്യത്തിന്‍റെയും വിശുദ്ധിയുടേയും വിധേയത്വത്തിന്‍റേയും ബഹുമതിയുടേയും വിളക്കുകള്‍ അണച്ചുകളഞ്ഞിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ പ്രയോക്താവായവനേ, അവിടുത്തെ പകയുള്ള രോഷത്തിന്‍റെ അടയാളങ്ങള്‍ എവിടെയാണ്?
അങ്ങയ്ക്കുവേണ്ടി പക്ഷസമര്‍ത്ഥനം ചെയ്തിട്ടുള്ള, അല്ലെങ്കില്‍ അങ്ങയുടെ സ്നേഹത്തിന്‍റെ പാതയില്‍ അവനുമേല്‍ വന്നുപതിച്ചതിനെപ്പറ്റി ചിന്തിക്കുന്ന ആരെയും അങ്ങു കാണുന്നില്ലേ?
അല്ലയോ ലോകങ്ങള്‍ക്കു പ്രിയങ്കരനായവനേ, ഇപ്പോള്‍ എന്‍റെ തൂലിക നില്‍ക്കാന്‍ കാരണമായിരിക്കുന്നു.
വിധിയുടെ ചണ്ഡവാതത്തിന്‍റെ പാഞ്ഞു കയറ്റത്താല്‍ ദിവ്യപാരിജാതത്തിന്‍റെ ശാഖകള്‍ പൊട്ടിവീണുകിടക്കുന്നു.
അല്ലയോ ലോകങ്ങള്‍ക്കു സുസമ്മതമായ പ്രാഗലഭ്യമുള്ളവനേ, അവിടുത്തെ അഭയകേന്ദ്രത്തിന്‍റെ പതാകകള്‍ എവിടെയാണ്?
അപഖ്യാതിയുടെ പൊടിയില്‍ ഈ വദനം മറഞ്ഞിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ദയാമയനായവനേ, അവിടുത്തെ അനുകമ്പയാകുന്ന തെന്നലുകള്‍ എവിടെയാണ്?
വിശുദ്ധിയുടെ വസ്ത്രം വഞ്ചകരാല്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. അല്ലയോ ലോകങ്ങള്‍ക്കു ഭൂഷണമായവനേ, അവിടുത്തെ വിശുദ്ധിയുടെ വസ്ത്രം എവിടെയാണ്? 
മനുഷ്യകരങ്ങളുടെ ചെയ്തികളാല്‍ കൃപയാകുന്ന സമുദ്രം നിശ്ചലമായിരിക്കുന്നു. അല്ലയോ ലോകങ്ങളുടെ അഭിലാഷമായവനേ, അവിടുത്തെ ഔദാര്യത്തിന്‍റെ തിരമാലകള്‍ എവിടെയാണ്?
ദൈവിക സന്നിധിയിലേക്കു നയിക്കുന്ന വാതില്‍ അവിടുത്തെ വൈരികളുടെ ക്രൂരതകളാല്‍ അടഞ്ഞു കിടക്കുന്നു. 
അല്ലയോ ലോകങ്ങളുടെ പൂട്ടു തുറക്കുന്നവനേ, അവിടുത്തെ ദാനത്തിന്‍റെ താക്കോല്‍ എവിടെയാണ്?
ഉപജാപമാകുന്ന വിഷക്കാറ്റിനാല്‍ ഇലകള്‍ മഞ്ഞനിറമായിരിക്കുന്നു.
അല്ലയോ ലോകങ്ങളുടെ ദായകനേ, അവിടുത്തെ ഔദാര്യമാകുന്ന മേഘങ്ങളുടെ ചൊരിയല്‍ എവിടെയാണ്?
പാപധൂളികൊണ്ട് പ്രപഞ്ചം അന്ധകാരത്തിലായിരിക്കുന്നു.
അല്ലയോ ലോകങ്ങള്‍ക്കു മാപ്പു നല്‍കുന്നവനേ, അവിടുത്തെ മാപ്പിന്‍റെ തെന്നലുകള്‍ എവിടെയാണ്?
ഈ യുവാവ് ഒരു വിജനമായ ദേശത്ത് ഏകാകിയായിരിക്കുന്നു.
അല്ലയോ ലോകങ്ങളുടെ ദാതാവായവനേ, അവിടുത്തെ സ്വര്‍ഗ്ഗീയാനുഗ്രഹമാകുന്ന മഴ എവിടെയാണ്?
അല്ലയോ അത്യുന്നത തൂലികേ, അനശ്വരസാമ്രാജ്യത്തില്‍ അവിടുത്തെ അതിമധുരമായ ആഹ്വാനം ഞങ്ങള്‍ കേള്‍ക്കുന്നു.
അല്ലയോ ലോകങ്ങളാല്‍ തെറ്റിദ്ധരിക്കപ്പെട്ടവനേ, ഗാംഭീര്യത്തിന്‍റെ നാവുച്ചരിച്ചതിനുനേരെ അങ്ങു ചെവികൊടുത്താലും.
തണുപ്പിനുവേണ്ടി അല്ലായിരുന്നുവെങ്കില്‍, അല്ലയോ ലോകങ്ങളുടെ വ്യാഖ്യാതാവായവനേ, അവിടുത്തെ വചനങ്ങളുടെ ചൂട് എങ്ങനെയായിരുന്നു വ്യാപിക്കുക?
	കൊടും ദുരിതങ്ങള്‍ക്കുവേണ്ടി അല്ലായിരുന്നുവെങ്കില്‍, അല്ലയോ ലോകങ്ങളുടെ വെളിച്ചമായവനേ, അവിടുത്തെ ക്ഷമയുടെസൂര്യന്‍ എങ്ങനെ തിളങ്ങുക?
അധാര്‍മ്മികരാല്‍ വിലപിക്കരുത്.
അല്ലയോ ലോകങ്ങളുടെ സഹനശക്തിയായവനേ,  അങ്ങു സൃഷ്ടിക്കപ്പെട്ടത് സഹിക്കാനും ക്ഷമിക്കാനുമാണ്.
അല്ലയോ ലോകങ്ങളുടെ സ്നേഹമായവനേ, ഉപജാപങ്ങളെ ഇളക്കുന്നവര്‍ക്കിടയില്‍ ഉടമ്പടിയുടെ ചക്രവാളത്തില്‍ അവിടുത്തെ ഉദയവും ദൈവത്തിനു പിന്നാലെയുള്ള അവിടുത്തെ തീവ്രാഭിലാഷവും എത്ര മധുരതരമായിരുന്നു? 
അല്ലയോ ലോകങ്ങളുടെ ഹര്‍ഷോډാദമായവനേ, അവിടുന്നാല്‍ സ്വാതന്ത്ര്യത്തിന്‍റെ  പതാക അത്യുന്നത കൊടുമുടികളില്‍ നാട്ടപ്പെട്ടു, ഔദാര്യത്തിന്‍റെ കടല്‍ തിരയിളക്കി മറിഞ്ഞു. അവിടുത്തെ ഏകാന്തതയാല്‍ ഏകത്വത്തിന്‍റെ സൂര്യന്‍ തിളങ്ങി. അവിടുത്തെ നാടുകടത്തലാല്‍ ഐക്യത്തിന്‍റെ ദേശം വിഭൂഷിതമായി.
അല്ലയോ ലോകങ്ങളുടെ നാടുകടത്തപ്പെട്ടവനേ, ക്ഷമയുള്ളവനായിരിക്കുക.
അല്ലയോ ലോകങ്ങളുടെ അഭിമാനമായവനേ, അപകര്‍ഷത്തെ നാം കീര്‍ത്തിയുടെ വസ്ത്രമാക്കി തീര്‍ത്തിട്ടുണ്ട്. ദുരിതങ്ങളെ അവിടുത്തെ ശരീരത്തിനു ഭുഷണവുമാക്കിയിട്ടുണ്ട്.
അല്ലയോ ലോകങ്ങളുടെ പാപങ്ങളെ മറയ്ക്കുന്നവനേ, ഹൃദയങ്ങള്‍ വെറുപ്പിനാല്‍ നിറയപ്പെടുന്നത് അങ്ങു കാണുന്നുണ്ട്. അതിനെ അവഗണിക്കുക എന്നുള്ളത് അവിടുത്തേക്കുള്ളതാണ്.
അല്ലയോ ലോകങ്ങളുടെ ത്യാഗമായവനേ, വാളുകള്‍ മിന്നുമ്പോള്‍ മുന്നോട്ടുപോകുക! അസ്ത്രങ്ങള്‍ പായുമ്പോള്‍ മുന്നോട്ടുപായുക!
അല്ലയോ ലോകങ്ങളുടെ രോദനത്തിനുകാരണമായിട്ടുള്ളവനേ,
അങ്ങു വിലപിക്കുമോ? അല്ലെങ്കില്‍ ഞാന്‍ വിലപിക്കുമോ? കൂടാതെ അവിടുത്തെ യോദ്ധാക്കളുടെ എണ്ണക്കുറവില്‍ ഞാന്‍ നിലവിളിക്കുമോ?
അല്ലയോ സര്‍വ്വതേജസ്വിയായ പ്രിയങ്കരനേ, സത്യമായും അവിടുത്തെ ആഹ്വാനം ഞാന്‍ കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ബഹായുടെ വദനം ദുരിതങ്ങളുടെ ചൂടുകൊണ്ടും തിളങ്ങുന്ന വാക്കുകളുടെ അഗ്നികൊണ്ടും ജ്വലിച്ചുകൊണ്ടിരിക്കുന്നു.
അല്ലയോ ലോകങ്ങളെ കല്‍പിച്ചവനേ, അവിടുത്തെ പ്രീതിയിലേക്കു നോക്കിക്കൊണ്ട് ത്യാഗത്തിന്‍റെ സ്ഥലത്ത് വിശ്വസ്തതയോടെ അവന്‍ ഉയര്‍ന്നിട്ടുണ്ട്.
അല്ലയോ അലി - അക്ബര്‍, എന്‍റെ ശാന്തതയുടെ സൗരഭ്യത്തെ നിനക്ക് ഉച്ഛ്വസിക്കാന്‍ കഴിയാതെയിരിക്കുമ്പോള്‍ ഈ കുറിപ്പുകിട്ടിയതിന് അങ്ങയുടെ പ്രഭുവിനു നന്ദിപറയുക.....
ഏല്ലാ ലോകങ്ങളുടേയും ആരാധ്യനായ ദൈവത്തിന്‍റെ പാതയില്‍ നമ്മെചുറ്റിവളഞ്ഞിട്ടുള്ളത് എന്താണെന്ന് അറിയുക.
എല്ലാ സേവകരും ഇതു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയാണെങ്കില്‍ ലോകങ്ങളെ ജ്വലിപ്പിക്കത്തക്ക അഗ്നി അവരുടെ ധമനികളില്‍ കൊളുത്തപ്പെടും.

-Bahá'u'lláh
-----------------------

